Dangal
2016 ഡിസംബറിൽ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ഒരു ഹിന്ദി ചലച്ചിത്രമാണ് ദംഗൽ (മലയാള അർഥം: മല്ലയുദ്ധം, ഗുസ്തി). നിതേശ് തിവാരിയാണ് ദംഗലിന്റെ സംവിധായകൻ. തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീർ സിങ് ഫോഗാട് എന്ന ഫയൽവാന്റെ കഥയാണ് ദംഗലിന്റെ പ്രമേയം. മഹാവീർ സിങ് ഫോഗാട് ആയി അഭിനയിക്കുന്നത് ആമിർ ഖാനാണ്. ദംഗൽ എന്ന ഹിന്ദി വാക്കിന് മല്ലയുദ്ധം അഥവാ ഗുസ്തി എന്നാണ് അർഥം.
ദംഗലിനു സംഗീതം നൽകിയിരിക്കുന്നത് പ്രീതമാണ്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയും. ഭാരതീയ വനിതാ മല്ലയുദ്ധ സംഘത്തിലെ പരിശീലകരിൽ ഒരാളായ കൃപാ ശങ്കർ ബിഷ്ണോജാണ് മല്ലയുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനു സഹായകമായ പരിശീലനം ആമിർഖാനും മറ്റുള്ളവർക്കും നൽകിയത്[3].2016 ഡിസംബർ 23ന് ദംഗൽ ലോകവ്യാപകമായി പ്രദർശനത്തിനെത്തി.
കഥാസംഗ്രഹം
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മല്ലയുദ്ധം ഉപേക്ഷിക്കേണ്ടിവന്ന ഒരു ഫയൽവാനാണ് മഹാവീർ സിംഹ് ഫോഗാട്. ഭാരതത്തിനു വേണ്ടി ഒരു സ്വർണപ്പതക്കം നേടാൻ ആഗ്രഹിച്ചെങ്കിലും അതിനു കഴിയാതെപോയ അയാൾ തന്റെ മകനെക്കൊണ്ട് മല്ലയുദ്ധത്തിൽ സ്വർണം നേടിയെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. എന്നാൽ, അയാളെ നിരാശപ്പെടുത്തിക്കൊണ്ട്, അയാൾക്കു ജനിക്കുന്ന നാലു കുഞ്ഞുങ്ങളൂം പെണ്ണുങ്ങളാകുന്നു. പെണ്ണുങ്ങൾക്ക് മല്ലയുദ്ധം സാധ്യമല്ലെന്ന് ചിന്തിച്ചുകൊണ്ട് അയാൾ തന്റെ സ്വപ്നം ഉപേക്ഷിക്കുന്നു. എന്നാൽ അയാളുടെ മൂത്ത പെൺകുട്ടികളായ ഗീതയും ബബിതയും ആൺകുട്ടികളെ ഇടിച്ചിട്ടശേഷം വീട്ടിലെത്തുമ്പോൾ, തന്റെ പെണ്മക്കൾക്കും മല്ലയുദ്ധത്തിനുള്ള കരുത്തും കഴിവുമുണ്ടെന്ന് മഹാവീർ തിരിച്ചറിയുന്നു.
ഗീതയെയും ബബിതയെയും മഹാവീർ മല്ലയുദ്ധം പരിശീലിപ്പിക്കുന്നു. മുടി മുറിച്ച് ചെറുതാക്കുക, അതിരാവിലെ എഴുന്നേറ്റ് ഓടുക തുടങ്ങിയ കഠിനമായ പ്രവർത്തികൾ ഉൾക്കൊള്ളുന്നതായിരുന്നു അയാളുടെ പരിശീലനരീതി. തുടക്കത്തിൽ മഹാവീർന്റെ പരിശീലനരീതികളോട് എതിർപ്പായിരുന്നെങ്കിലും, തങ്ങളെ വെറും വീട്ടമ്മമാരാക്കി മാറ്റുന്നതിനു പകരം വ്യത്യസ്തമായ ഒരു ഭാവി നൽകുന്നതിനുവേണ്ടിയാണ് ഇത്ര കഠിനമായ പരിശീലനങ്ങൾ അച്ഛൻ തങ്ങൾക്കു നൽകുന്നതെന്ന് പെട്ടെന്നുതന്നെ ആ പെൺകുട്ടികൾ തിരിച്ചറിയുന്നു. പ്രചോദിതരായ അവർ സ്വമേധയാ മഹാവീരന്റെ പരിശീലനങ്ങൾ ഉൾക്കൊള്ളുന്നു. മഹാവീരൻ തന്റെ പെൺകുട്ടികളെ മല്ലയുദ്ധമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഗീതയും ബബിതയും ആൺകുട്ടികളെയും പരാജയപ്പെടുത്തുന്നു. ഗീത പിന്നീട് ജൂനിയർ ഇന്റർനാഷണൽസിൽ വിജയിക്കുകയും കോമൺവെൽത് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി പടിയാലയിലേക്ക് പോവുകയും ചെയ്യുന്നു.
പടിയാലയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗീതയ്ക്ക് പുതിയ കൂട്ടുകാരെ കിട്ടുന്നു. അവൾ ശീലിച്ച അച്ചടക്കത്തിൽ നിന്ന് വഴിമാറുന്നു. സ്ഥിരമായി സിനിമകൾ കാണാനും മുടി നീട്ടിവളർത്താനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനും തുടങ്ങുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ പ്രമോദ് കദമിന്റെ രീതികൾ തികച്ചും വ്യത്യസ്തമായിരുന്നു. മഹാവീരന്റെ രീതികളെക്കാൾ പ്രമോദിന്റെ രീതികളാണ് മികച്ചതെന്ന് അവൾ കരുതുന്നു. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ തന്റെ പരിശീലകന്റെ രീതികളാണ് മികച്ചതെന്ന് തന്റെ അച്ഛനെ ബോധ്യപ്പെടുത്താൻ അവൾ ശ്രമിക്കുന്നു. അത് അച്ഛനും മകളും തമ്മിലുള്ള മല്ലയുദ്ധത്തിൽ കലാശിക്കുകയും ആ മല്ലയുദ്ധത്തിൽ, തന്റെ പ്രായാധിക്യം മൂലം, മഹാവീരൻ പരാജയപ്പെടുകയും ചെയ്യുന്നു. എന്നാൽ അച്ഛന്റെ രീതികൾ മറക്കരുതെന്നും അദ്ദേഹത്തിന്റെ പരിശീലനമാണ് ഗീതയെ ഇന്നത്തെ ഗീതയാക്കിയതെന്നും ബബിത ഗീതയെ ഓർമിപ്പിക്കുന്നു.
തുടർന്ന് ബബിതയും ഗീതപഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനെത്തുന്നു. ഗീത തുടർച്ചയായി മത്സരങ്ങളിൽ പരാജയപ്പെടുന്നു. അച്ഛന്റെ പരിശീലനരീതികളെ അവഗണിച്ചതാണ് തന്റെ പരാജയകാരണമെന്ന് അവൾ തിരിച്ചറിയുന്നു. അച്ഛനോട് ക്ഷമാപണം നടത്തുന്നു. മഹാവീരൻ പടിയാലയിൽ എത്തുകയും ഗീതയെയും ബബിതയെയും അവരുടെ കുട്ടിക്കാലത്ത് പരിശീലിപ്പിച്ചിരുന്ന രീതിയിൽ പരിശീലിപ്പിക്കുകയും ചെയ്യുന്നു. മഹാവീരന്റെ ഇടപെടലുകളിൽ അസ്വസ്ഥനായ പ്രമോദ് കദം ഗീതയെയും ബബിതയെയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കുവാൻ ശ്രമിക്കുന്നു. ..... ....
നടീനടന്മാർ
- ആമിർ ഖാൻ - മഹാവീർ സിംഹ് ഫോഗാട്
- സാക്ഷി തൻവർ - ദയാ ശോഭാ കൗർ, മഹാവീർ സിംഹ് ഫോഗാടിന്റെ ഭാര്യ
- ഫാത്തിമ സന ശേഖ് - ഗീതാ ഫോഗാട്, മഹാവീർ സിംഹ് ഫോഗാടിന്റെ മകൾ
- സൈറാ വസീം - ബാലികയായ ഗീത
- സന്യാ മൽഹോത്രാ - ബബിതാ കുമാരി, മഹാവീർ സിംഹ് ഫോഗാടിന്റെ മകൾ
- സുഹാനീ ഭട്നാഗർ - ബാലികയായ ബബിത
- അപർശക്തി ഖുരാന - ഓംകാർ, ഗീതയുടെയും ബബിതയുടെയും ഭ്രാതൃവ്യൻ [പിതൃവ്യപുത്രൻ]
- ഋത്വിക് സാഹോർ - ബാലകനായ ഓംകാർ; ഇവനെ K2J2 എന്ന കളിപ്പേരിൽ ബബിത വിളിക്കുന്നു.
- ഗിരീശ് കുല്കർണി - പ്രമോദ് കദം, ഗീതയുടെ പരിശീലകൻ